കരുണയുള്ളവരാവുക

ഹെംദ അമീർ

2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

​അഫ്സലും റഹീമും കൂട്ടുകാരാണ്. അഫ്സൽ നല്ലവനും കരുണയുള്ളവനുമായിരുന്നു. എന്നാൽ റഹീം നേരെ തിരിച്ചായിരുന്നു; കല്ലും മറ്റും എറിഞ്ഞ് മൃഗങ്ങളെ ഉപദ്രവിക്കുന്നത് പോലുള്ള വികൃതികളിൽ അവൻ ഏർപ്പെട്ടിരുന്നു.

​ഒരിക്കൽ അഫ്സലും റഹീമും സ്കൂൾ വിട്ടുവരികയായിരുന്നു. അപ്പോഴാണ് അവരാ കാഴ്ച കണ്ടത്, ഇലകൾക്കിടയിൽ പതുങ്ങിനിൽക്കുന്ന ഒരു പൂച്ചക്കുഞ്ഞിനെ, അതു കണ്ടു റഹീം അതിനുനേരെ കല്ലെറിയാനൊരുങ്ങി. അപ്പോൾ അഫ്സൽ പറഞ്ഞു: "റഹീം, അതൊരു മിണ്ടാപ്രാണിയായ പൂച്ചക്കുഞ്ഞല്ലേ, അതിനെ ഉപദ്രവിക്കരുത്!". തുടർന്ന് അഫ്സൽ തന്റെ ബാഗ് തുറന്ന് ആ പൂച്ചക്കുഞ്ഞിന് വെള്ളം കൊടുത്തു.

​ഇതുകണ്ടു റഹീം പറഞ്ഞു:"നീ വെറുതെ സമയം പാഴാക്കുകയാണെങ്കിൽ ഞാൻ പോകട്ടെ?"

അഫ്സൽ പറഞ്ഞു: "മിണ്ടാപ്രാണികളായ ഇത്തരം ജീവികളോട് കരുണ കാണിക്കുന്നതിൽ പ്രതിഫലമുണ്ട്, റഹീം."

​ഇതു കേട്ടു റഹീം അത്ഭുതപ്പെട്ടുപോയി. അവൻ ചോദിച്ചു: "നീ പറഞ്ഞത് സത്യമാണോ?"

"അതെ, ഒരു മനുഷ്യൻ കിണറ്റിലിറങ്ങി നായയ്ക്ക് വെള്ളം കൊടുത്തത് കാരണം സ്വർഗത്തിൽ പോയ കഥ നീ കേട്ടിട്ടില്ലേ?" അഫ്സൽ ചോദിച്ചു.

റഹീം പറഞ്ഞു: "കേട്ടിട്ടുണ്ട്, പക്ഷേ, ഞാനതു മറന്നു പോയി."

അഫ്സൽ പറഞ്ഞു: "സാരമില്ല, ഇനിമുതൽ എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കുവാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ."

​അങ്ങനെ അവർ പരസ്പരം സലാം പറഞ്ഞു സന്തോഷത്തോടെ വീടുകളിലേക്കു തിരിച്ചു.