തിരികെ വരാമോ?
നസീമ വാടാനപ്പള്ളി
2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

"ഇനി നിനക്കാകുമോ തിരികെ വരാൻ?
ഇനി നമുക്കാകുമോ കൂടെയിരിക്കാൻ?"
യാത്രയിലെപ്പോഴോ കേട്ടതാണെങ്കിലും ആ ഈരടികൾ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. തൻ്റെ ജോലികളിൽ വ്യാപൃതയാണെങ്കിലും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ദിക്റുകളാൽ സമാധാനത്തിന് വഴിയൊരുക്കിയെങ്കിലും മരണചിന്ത അനിർവചനീയമായ ഒരു വികാരമായി അവളിൽ തങ്ങിനിൽപ്പായിരുന്നു. "മരണം" - നിനച്ചിരിക്കാത്ത സമയത്ത്, യാത്ര പോലും പറയാനാകാതെ തിരിച്ചുവരവില്ലാത്ത ഒരു യാത്ര.
ഓരോ യാത്ര കഴിഞ്ഞെത്തുമ്പോഴും അനുഭവങ്ങളുടെ വാചാലതയുമായി എന്നിലേക്ക് ഓടിയണയുന്നവൻ. അവനിന്നെവിടെയാണ് ?
അല്ലാഹ് നീ തണലേകണേ...
അവളുടെ തൊണ്ടയിൽ ശക്തിയായ വേദന അനുഭവപ്പെട്ടു. മിഴികളിലൂറിയ ജലകണം കാഴ്ചക്ക് മങ്ങലേൽപ്പിച്ചു. അവളിൽ,നല്ല പാതിയുടെ ഓർമകൾ കൊളുത്തിട്ട് വലിക്കുന്നുണ്ടായിരുന്നു.
നിൻ്റെ വാചാലതകൾ എന്നിൽ നിറഞ്ഞപ്പൊഴൊക്കെയും ഞാനൊരു കിലുക്കാംപെട്ടി പോലെ തുള്ളിത്തുളുമ്പുമായിരുന്നു. ഇന്നു നിൻ്റെ വാചാലതയില്ല. അല്ലെങ്കിലും അനുഭവക്കുറിപ്പെഴുതാൻ കഴിയാത്ത ദുനിയാവിലെ ഏകാനുഭവം മരണമാണല്ലോ, താൻ ചെയ്ത കർമ്മങ്ങളിലേക്കുള്ള പ്രവേശനകവാടം.
റബ്ബേ, നീ അദ്ദേഹത്തിന് തണലേകണേ...
ഞങ്ങളുടെ മരണത്തെ ഈമാനോടെയുള്ള താക്കേണമേ...
തന്റെ പാതിയുടെ ഓർമകളിലവൾ വല്ലാതെ നീറിപ്പുകഞ്ഞു.നിൻ്റെ സാമീപ്യമില്ലാത്തതിനാൽ ഞാനെന്ന കിലുക്കാംപെട്ടി നിശ്ശബ്ദമാണ്. മൗനത്തിൻ്റെ നിറം മങ്ങിയ തുണ്ടിലെന്റെ വാക്കുകൾ പൊതിഞ്ഞിരിക്കുകയാണ്.
ചിന്തകൾ കാടുകേറുന്നു,ഏകാന്തതയുടെ കോച്ചുന്ന തണുപ്പിലവൾ വിറക്കുന്നുണ്ടായിരുന്നു.നിന്നിലൂടെ റബ്ബെനിക്കു തന്ന പൂമുത്തുകൾക്കും എൻ്റെയാ മൗനത്തിൽ മങ്ങിയ കടലാസുകൾക്കും നിറം പകരാൻ കഴിയാഞ്ഞതെന്തേ!? എവിടെയാണ് നമുക്കു തെറ്റിയത്!? തെറ്റിയത് അവർക്കാണോ!? ചിന്തകൾ പിടുത്തം വിടുമെന്നായപ്പോൾ അവൾ റബ്ബിലേക്കഭയം തേടി.
പരിശുദ്ധ ഖുർആനിൻ്റെ വചനകൾ ഏതു പ്രതിസന്ധിയിലും കുളിരേകുന്നതായിരുന്നു.
أليس الله بكاف عبده
[തൻ്റെ അടിമക്ക് അവൻ മതിയായവനല്ലയോ ]
അതെ, എനിക്ക് എൻ്റെ റബ്ബ് മതി. അവൾ അത് ഉരുവിട്ടുകൊണ്ടേയിരുന്നു. അല്ലെങ്കിൽതന്നെ മറ്റെന്തു കൊണ്ടാണ് മനുഷ്യമനസ്സിന് സമാധാനം കിട്ടുക?
ألا بذكر الله تطمءن القلوب
[അല്ലാഹുവിനെക്കുറിച്ചുള്ള ഓർമ്മ കൊണ്ടത്രെ ഹൃദയങ്ങൾ ശാന്തമാകുന്നത് ]
അതെ,
سبحان الله
അവളുടെ ഹൃദയത്തിൻ്റെ ഭാരം കുറഞ്ഞുവന്നിരുന്നു.
الله ربي لا أشرك به شيءا
[അല്ലാഹു എൻ്റെ റബ്ബാണ് അവനിൽ ഞാനൊന്നിനെയും പങ്കു ചേർക്കുകയില്ല ]
പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാൻ തൻ്റെ മുത്ത് റസൂൽ പഠിപ്പിച്ച ദുആ അവൾ ആവർത്തിച്ചു കൊണ്ടേയിരുന്നു.
തെല്ലിട കഴിഞ്ഞപ്പോൾ അവൾ തൻ്റെ മൊബൈൽ കയ്യിലെടുത്തു. ന്യൂസ് ചാനലിലേക്ക് കണ്ണോടിക്കവെ ഞെട്ടിക്കുന്ന ഒരു വാർത്തയാണവളെ വരവേറ്റത്. തൻ്റെ പിതാവിൻ്റെ അന്ത്യകർമ്മങ്ങൾ അങ്ങകലെ അമേരിക്കയിലുള്ള അയാളുടെ മകൾ വീഡിയോ കാളിലൂടെ കാണുന്ന രംഗം.സമയമാകും തോറും അവൾ അക്ഷമയാകുകയും തീരാനായില്ലേയെന്ന് അമർഷത്തോടെ ചോദിക്കുകയും ചെയ്യുന്ന വീഡിയോ സഹിതമാണ് വാർത്തയിലുള്ളത്. നിറകണ്ണുകളോടെയവൾ റബ്ബിലേക്ക് കരമുയർത്തി 'യാ റബ്ബ്,ആർക്കും ഈ ഗതി വരരുതേ...'
പണവും സൗകര്യങ്ങളും കൊടുത്താൽ മാതാപിതാക്കളോടുള്ള കടമ തീർന്നെന്നു കരുതുന്ന പുതിയ തലമുറ.ബന്ധങ്ങളും മൂല്യങ്ങളും നഷ്ടപ്പെട്ടു പോകുകയാണ്. കാമുകനു വേണ്ടി മക്കളെപ്പോലും കൊല്ലുന്ന മാതൃത്വത്തിൻ്റെ കാലമാണല്ലോ!
റബ്ബേ, എന്നെയും മക്കളെയും വരും തലമുറകളെയും നന്മയിൽ നിലനിറുത്തണേ... അവൾ മനസ്സുരുകി പ്രാർത്ഥിച്ചു.
പിന്നീടവൾ വാട്സാപ്പ് തുറന്നു. ഫാമിലി കോർണർ എന്ന കൂട്ടായ്മ ആദ്യമേ പിൻ ചെയ്തു വെച്ചിട്ടുണ്ട്. ജീവിതത്തിനു പൊലിമ കൂട്ടാൻ കടൽതാണ്ടിപ്പോയ മൂന്നു മക്കളും മക്കൾക്കു പറന്നുയരാൻ സ്വയം തടവിലായ ഒരു ഉമ്മയും.കാണാൻ പൂതി പറയുമ്പഴൊക്കെയും ജോലിയും തിരക്കുമായിരുന്നു മറുപടികൾ.
അവളാ ഗ്രൂപ്പിൽ തൻ്റെ മൂന്നു മക്കൾക്കുമായി ഒരു മെസ്സേജ് അയച്ചു.
بسم الله الرحمن الرحيم
السلام عليكم ورحمة الله وبركاته
ഉമ്മാൻ്റെ പൊന്നുമക്കൾക്ക്,
മക്കളേ,നിങ്ങൾക്കു ഞാനൊരു മാസത്തെ വേതനം തരാം.
ഉമ്മാന്റെ അരുമ മക്കളായി ഉമ്മാൻ്റിഷ്ടങ്ങൾക്ക് ഒരു മാസമെങ്കിലും ഒന്നു കൂടെക്കഴിയാമോ?
കൊച്ചു നാളിൽ നിങ്ങളെ എന്നെയേൽപിച്ചു നിങ്ങളുടെ വാപ്പ റബ്ബിലേക്കു യാത്രയായപ്പോൾ
ഒരാപത്തും പറ്റാതിരിക്കാൻ നിങ്ങളെ ചിറകിനുള്ളിൽ ഒതുക്കിവച്ചവളാണു ഞാൻ. അപ്പോഴൊക്കെയും നിങ്ങൾ പറന്നുയരുന്നതോടൊപ്പം പറന്നുയരാമെന്നു കൊതിച്ച ഒരു പിടി മേഹങ്ങളുണ്ടായിരുന്നു ഈ ഉമ്മാക്ക്. പക്ഷേ,
നിങ്ങൾ മാത്രം പറന്നുയർന്നു.എന്റെ മോഹങ്ങൾ ഈ ചിറകിനടിയിൽ ഞാൻ തടവിലിട്ടു.
പൊന്നു മക്കളേ,
ഇനി നമുക്കാകുമോ ഒരുമിച്ചൊന്നിരിക്കാൻ!?
ബാക്കി എഴുതാൻ അവൾക്ക് കഴിയുമായിരുന്നില്ല.
ആ മാതൃഹൃദയം വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു. പിറ്റേന്ന് മക്കൾ ഈ മെസേജ് വായിക്കുന്നത് ഉമ്മാൻ്റെ മരണവാർത്ത കേട്ടതിനു ശേഷമായിരുന്നു.
ജനങ്ങളിൽ ഞാനേറ്റവും കടപ്പെട്ടത് ആരോട് എന്ന ചോദ്യത്തിന് നബിﷺ മൂന്നു തവണയും മറുപടി കൊടുത്തത് 'നിൻ്റെ മാതാവിനോട് ' എന്നാണ് - തൊട്ടടുത്ത മദ്റസയിൽ ഉസ്താദ് കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരുന്നത് അവിടെമാകെ അലയടിക്കുന്നുണ്ടായിരുന്നു അന്നേരം.

