ഞങ്ങളുടെ സ്വത്വം, ഞങ്ങളുടെ വഴി

ഹുസ്ന പുലത്ത്

2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

​ഹേ! പുരോഗമനക്കാരേ,
ഫെമിനിസ്റ്റുകളേ,
​ഞങ്ങൾ മുസ്‌ലിം സ്ത്രീകൾ;
നിങ്ങൾ കോറിയിട്ട വരകളിലല്ല
ഞങ്ങളുടെ ആസ്വാദനത്തിന്റെ വഴികൾ.
നിങ്ങൾ അളക്കുന്ന വസ്ത്രത്തിനുള്ളിലല്ല
ഞങ്ങൾ തിരയുന്ന സ്വാതന്ത്ര്യത്തിന്റെ അതിരുകൾ.
​വാക്കുകൾ കൊണ്ടൊരു കൂടു തീർക്കാൻ
ആരും വരേണ്ടതില്ല ഞങ്ങളുടെ വഴികളിലേക്ക്.
ഞങ്ങൾക്കായി വലിയ ശബ്ദത്തിൽ സംസാരിക്കുന്നവർ,
ചുറ്റും നടക്കുന്ന അനീതികൾ കാണാത്തതെന്തേ?
​സ്ത്രീകൾക്കു നേരെ
സമൂഹത്തിൽ നടമാടും അതിക്രമങ്ങളിൽ
നീതിക്കായി ശബ്ദിക്കാനാകാത്തവർ,
ശാന്തതയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന
ഞങ്ങളുടെ വാതിലിൽ തട്ടുന്നതെന്തിനാണ്?
​മതം തന്ന സുരക്ഷിതത്വത്തിന്റെ തണലും
മനസ്സിൽ സൂക്ഷിക്കുന്ന ആത്മാഭിമാനവും
ഞങ്ങളിലുണ്ട്.
സ്വത്വബോധത്തിലൂന്നിയ ജീവിതമാണ് ഞങ്ങൾക്കു മുന്നിലുള്ളത്.
ഈ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന
തിരിച്ചറിവുമുണ്ട്.
​ഇവിടെ പെൺമക്കളുടെ അഭിമാനം പിച്ചിച്ചീന്തുന്നതിന്
പരിഹാരം കണ്ടെത്താൻ ശ്രമിക്കാത്തിടത്തോളം,
ഞങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ മുറവിളികൾ
പ്രഹസനം മാത്രം.
​സ്വന്തം ജീവിതവും വിശ്വാസവും
ഞങ്ങൾക്ക് തരുന്നൊരു സുരക്ഷാബോധമുണ്ട്;
നോട്ടം കൊണ്ടുപോലും പ്രഹരമേൽക്കാത്തതാണത്.
​അതുകൊണ്ട്,
ഞങ്ങളുടെ സംരക്ഷകരാകാൻ
നിങ്ങളാരും മുതിരേണ്ടതില്ലിവിടെ.