അറിയുമോ ഈ ഗ്രന്ഥത്തെ?

ഷെജീന സ്വലാഹിയ്യ

2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

​മനുഷ്യർക്കു നേർവഴി കാണിച്ചുതരുന്ന മഹത്തായ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയങ്ങളിൽ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെളിച്ചമായി നിലകൊള്ളുന്ന ഖുർആൻ ഒരു മനുഷ്യന്റെ വിശ്വാസം, സ്വഭാവം, കുടുംബം, സമൂഹം, നീതി, ധാർമികത തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്ന ദൈവിക സന്ദേശമാണ്.

​'ഖുർആൻ' എന്ന പദത്തിന് 'വായിക്കപ്പെടുന്നത് ' എന്ന അർത്ഥമുണ്ട്. അല്ലാഹു മുഹമ്മദ് നബി ﷺ ക്ക് ജിബ്‌രീൽعلیہ السلام മുഖേന ഏകദേശം ഇരുപത്തിമൂന്നു വർഷക്കാലയളവിൽ അവതരിപ്പിച്ച ദൈവിക വചനങ്ങളുടെ സമാഹാരമാണ് ഖുർആൻ. മക്കയിലും മദീനയിലുമായി അവതരിച്ച സൂക്തങ്ങൾ മനുഷ്യരെ ഏകദൈവവിശ്വാസത്തിലേക്കും സത്യത്തിലേക്കും നീതിയിലേക്കും ക്ഷണിച്ചു.

​ഖുർആനിന്റെ പ്രധാന സന്ദേശം തൗഹീദാണ്. അതായത്, അല്ലാഹു ഒരേയൊരു ആരാധ്യനാണെന്നും അവനെ മാത്രമെ ആരാധിക്കാവൂ എന്നും പഠിപ്പിക്കുന്നതാണ്. അതോടൊപ്പം മനുഷ്യന്റെ ജീവിതത്തിന്റെ ലക്ഷ്യവും ഉത്തരവാദിത്തവും ഓർമിപ്പിക്കുന്നു.

​ഖുർആൻ മനുഷ്യന്റെ സ്വഭാവശുദ്ധിക്കും വലിയ പ്രാധാന്യം നൽകുന്നു. സത്യം പറയുക, മാതാപിതാക്കളോട് നന്മ ചെയ്യുക, അയൽക്കാരോട് നല്ല രീതിയിൽ പെരുമാറുക, ദരിദ്രരെയും അനാഥരെയും സഹായിക്കുക,നീതി പാലിക്കുക, ക്ഷമിക്കുകയും കരുണ കാണിക്കുകയും ചെയ്യുക തുടങ്ങി അനേകം സദ്ഗുണങ്ങൾ ഖുർആൻ പഠിപ്പിക്കുന്നു. അതെല്ലാം മനസ്സിലാകണമെങ്കിൽ ഖുർആൻ വായന അക്ഷരങ്ങൾ ഉച്ചരിക്കുന്നതിൽ മാത്രം ഒതുങ്ങരുത്! അതിന്റെ അർഥവും ആശയവും മനസ്സിലാക്കാൻ ശ്രമിക്കണം.

അതിൻ്റെ സന്ദേശം ജീവിതത്തിൽ പകർത്തുകയും വേണം.

​ഖുർആൻ മനുഷ്യനെ ചിന്തിക്കാൻ നിരന്തരം പ്രേരിപ്പിക്കുന്നു. ആകാശവും ഭൂമിയും പകലും രാത്രിയും മനുഷ്യ സൃഷ്ടിപ്പും... അങ്ങനെ പ്രകൃതിയിലെ അനേകം അത്ഭുതങ്ങളെക്കുറിച്ചു ചിന്തിക്കാനും പഠിക്കാനും ആഹ്വാനം ചെയ്യുന്നു. അറിവിനും ചിന്തയ്ക്കും ഖുർആൻ നൽകുന്ന പ്രാധാന്യം അതിന്റെ പ്രത്യേകതകളിലൊന്നാണ്.

​ഖുർആനിന്റെ മറ്റൊരു വലിയ പ്രത്യേകത അതിന്റെ സംരക്ഷണമാണ്. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അവതരിപ്പിക്കപ്പെട്ടതു പോലെ അത് നിലനിൽക്കുന്നു. കാരണം അതിൻ്റെ സംരക്ഷണം നിർവഹിക്കുന്നത് അല്ലാഹുവാണ്. അത് മനഃപാഠമാക്കി പതിനായിരങ്ങൾ ലോകത്തുണ്ട്.

​ഖുർആൻ മനുഷ്യനു പ്രതിസന്ധികളിൽ പ്രതീക്ഷ നൽകുന്നു. ദുഃഖവും വിഷമവും അനുഭവിക്കുന്ന ഒരാൾക്ക് അല്ലാഹുവിൽ വിശ്വസിക്കാനും ക്ഷമിക്കാനും മുന്നോട്ടു പോകുവാനും അത് പ്രചോദനം നൽകുന്നു. വിജയത്തിൽ അഹങ്കരിക്കാതെ നന്ദിയുള്ളവനാകാനും പരാജയത്തിൽ നിരാശപ്പെടാതെ അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുവാനും ഖുർആൻ പഠിപ്പിക്കുന്നു.

​സാമൂഹിക ജീവിതത്തിലും ഖുർആന്റെ സന്ദേശം ഏറെ പ്രസക്തമാണ്. അനീതിക്കെതിരെ നിലകൊള്ളുക, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കാതിരിക്കുക, മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുക,മനുഷ്യരോട് നീതിപൂർവം പെരുമാറുക തുടങ്ങിയ നിർദേശങ്ങൾ ഒരു നല്ല സമൂഹത്തിന്റെ അടിത്തറ പാകുന്നു.

അല്ലാഹു വിങ്കൽ ആദരിക്കപ്പെടുന്നവൻ ഏറ്റവും സൂക്ഷ്മത കാണിച്ചു ജീവിക്കുന്നവനാണെന്ന് ഖുർആൻ ഓർമിപ്പിക്കുന്നു.

​ഖുർആൻ സ്ത്രീയെയും പുരുഷനെയും ഒരുപോലെ ആത്മീയ ഉത്തരവാദിത്തമുള്ള മനുഷ്യരായി കാണുന്നു. വിശ്വാസത്തിലും സൽപ്രവൃത്തികളിലും മുന്നിൽ നിൽക്കുന്നവർക്ക് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമെന്ന് വ്യക്തമാക്കുന്നു.

​കുടുംബബന്ധങ്ങൾ സംരക്ഷിക്കാനും മാതാപിതാക്കളെ ആദരിക്കാനും ഭാര്യാഭർത്താക്കന്മാർ പരസ്പരം മാന്യമായി പെരുമാറാനും അതു പഠിപ്പിക്കുന്നു.

​ഖുർആൻ പാരായണം ചെയ്യുന്ന ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: 'ഖുർആൻ എന്നോട് പറയുന്നത് എന്റെ ജീവിതത്തിൽ ഞാൻ നടപ്പാക്കുന്നുണ്ടോ?'

ഖുർആന്റെ യഥാർത്ഥ സൗന്ദര്യം അതിന്റെ കൽപനകൾ ജീവിതത്തിൽ പ്രതിഫലിക്കുമ്പോഴാണ് പ്രകടമാകുന്നത്.

​ഇന്ന് വിവരങ്ങളുടെ വലിയ ലോകത്താണ് നാം ജീവിക്കുന്നത്. അനവധി പുസ്തകങ്ങളും വീഡിയോകളും സാമൂഹികമാധ്യമ സന്ദേശങ്ങളും നമ്മെ സ്വാധീനിക്കുന്നു. എന്നാൽ മനുഷ്യന്റെ ഹൃദയത്തെയും സ്വഭാവത്തെയും ഒരേസമയം അഭിസംബോധന ചെയ്യുന്ന ദൈവിക ഗ്രന്ഥത്തെ മറികടക്കാൻ ഒന്നിനു മാകില്ല.

അതെ, ഈ ഗ്രന്ഥം ഹൃദയങ്ങൾക്കു വെളിച്ചമാണ്,

വഴിയറിയാത്തവർക്കു വഴികാട്ടിയാണ്,

ദുഃഖിതർക്ക് പ്രതീക്ഷയാണ്,

മനുഷ്യന് തന്റെ സ്രഷ്ടാവിനെ തിരിച്ചറിയാനുള്ള സന്ദേശമാണ്.

​ഖുർആൻ നമുക്കു വായിക്കാം, മനസ്സിലാക്കാം, ചിന്തിക്കാം, ജീവിതത്തിൽ പകർത്താം.