ബാലിശമായ ആരോപണങ്ങൾ
ഡോ.യാസ്മിൻ എം അബ്ബാസ്
2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

കാലിക പ്രസക്തമായ ഏതാനും വിഷയങ്ങളുടെ സമ്മിശ്രമായ വിവാദങ്ങളിലൂടെയാണ് സമകാലീന കേരളം കടന്നുപോകുന്നത്. സ്ത്രീ സ്വാതന്ത്ര്യമെന്നും സ്ത്രീപുരുഷ സമത്വമെന്നുമുള്ള ഓമനപ്പേരുകളിൽ സമൂഹത്തെ അരാജകത്വത്തിലേക്കും അധാർമികതയിലേക്കും നയിക്കുകയും ആ ഒഴുക്കിനൊത്ത് നീങ്ങുകയും ചെയ്യുന്ന വലിയൊരു സമൂഹം ഒരു വശത്ത്; മറുവശത്ത്, സ്ത്രീകളെ അടിച്ചമർത്തുകയും അവർക്കു യാതൊരു വിലയും കൽപിക്കുകയും ചെയ്യാത്ത മതമാണ് ഇസ്ലാമെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ വ്യാപിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടരും.
ഈയൊരു സാഹചര്യത്തിൽ, ഇസ്ലാമിക നിയമങ്ങൾ പാലിച്ചുകൊണ്ടു ജീവിക്കുന്ന യഥാർഥ മുസ് ലിംകൾക്കെതിരിൽ വിദ്വേഷം പ്രചരിപ്പിക്കാനും ഇസ്ലാമിനെ അപരിഷ്കൃത മതമായി ചിത്രീകരിക്കുവാനും പരിശ്രമിക്കുന്ന ചില വിഭാഗങ്ങൾക്കു മുന്നിൽ തന്റെ വിശ്വാസം മുറുകെ പിടിച്ചു ജീവിക്കുവാനും ഇസ്ലാമിക പ്രബോധനം നിർവഹിക്കുവാനും ഇസ്ലാമിന്റെ അടിസ്ഥാനങ്ങൾ ആധികാരികമായ സ്രോതസ്സുകളിൽ നിന്നും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം എന്തുകൊണ്ട് ഇസ്ലാം ഇത്രമേൽ വിമർശിക്കപ്പെടുന്നു എന്നതു നിഷ്പക്ഷമായി ചിന്തിച്ചു മനസ്സിലാക്കലും എതിരാളികളുന്നയിക്കുന്ന ആരോപണങ്ങൾക്കുള്ള കൃത്യമായ മറുപടികൾ എന്താണെന്ന് വ്യക്തമായി അറിഞ്ഞിരിക്കുകയെന്നതും ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
ഇസ്ലാമിനെ കുറിച്ചുള്ള ശരിയായ അറിവും വർത്തമാന സാഹചര്യങ്ങളെ കുറിച്ചുള്ള കൃത്യമായ അവബോധവും അതോടൊപ്പം വിവാദ വിഷയങ്ങളുടെ ആഴത്തിലുള്ള പഠനവും ഉണ്ടായിരിക്കുമ്പോഴാണ് ഒരു മുസ് ലിമിനോ അമുസ് ലിമിനോ ഇത്തരം മേഖലകളിൽ ആരോഗ്യപരമായ അഭിപ്രായങ്ങളുണ്ടായിരിക്കുക.
വിവാദങ്ങളിലുള്ള സംശയങ്ങൾ
1. എന്തുകൊണ്ടാണ് ഇസ്ലാമിക വിഷയങ്ങൾ മാത്രം പലപ്പോഴും ചർച്ചയാകുന്നത് ?
2. എന്തിനും ഏതിനും അനാവശ്യമായി ഇടപെടുന്നതുകൊണ്ടല്ലേ വിവാദങ്ങളുണ്ടാകുന്നത്?
3. ഇസ്ലാമിന്റെ എതിരാളികൾ പറയുന്ന പല കാര്യങ്ങളും ശരിതന്നെയല്ലേ?
4. ഇസ്ലാമിന്റെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം പ്രാകൃതമെന്ന ആരോപണം ശരിയല്ലേ?
5. പുതിയ കാലഘട്ടത്തിനു യോജിച്ചതല്ല ഇസ്ലാമിക കാഴ്ചപ്പാടുകൾ!
6. മുസ്ലിംകൾ തന്നെ വിഭജിച്ചു നിൽക്കുന്നതു കൊണ്ടല്ലേ അവർക്ക് ഒരുമിച്ചു പോരാടാൻ കഴിയാത്തത്?
7.മതങ്ങൾക്കെന്തിനാണ് വേറെ വേറെ നിയമങ്ങൾ? രാജ്യത്ത് ഒരേയൊരു നിയമം ഉണ്ടായാൽ പോരേ?
8. അവനവന്റെ വിശ്വാസം മുറുകെപ്പിടിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചാൽ പോരേ?
9. പൊതു ഇടങ്ങളിൽ പ്രബോധനത്തിനായി ഇറങ്ങുന്നത് എന്തിനാണ് ?
11. ഇസ്ലാമിക ചർച്ചകൾ പള്ളികളിലും മുസ്ലിം സദസ്സുകളിലും മാത്രം ഒതുങ്ങി നിന്നാൽ പോരേ?
ഇത്തരം സംശയങ്ങളിൽ പലതും പല സന്ദർഭങ്ങളിലായി നമ്മിൽ ഉണ്ടായിട്ടില്ലേ?
മദ്രസാപഠന കാലഘട്ടത്തിൽ ലഭിച്ച ഏതാനും അറിവുകൾ കൊണ്ടു മാത്രം ജീവിതകാലം കഴിച്ചു കൂട്ടുന്നവരാണ് ഭൂരിപക്ഷം വിശ്വാസികളും. മദ്രസാ കാലഘട്ടം അവസാനിക്കുന്നതോടെ മതപഠനം അവസാനിക്കുന്നില്ലെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. തുടർപഠനവും വർത്തമാന സാമൂഹികാന്തരീക്ഷം സസൂക്ഷ്മം വിലയിരുത്തുകയും ചെയ്യുമ്പോഴാണ് പ്രബോധനത്തിന്റെ ആവശ്യകതയും അതു പ്രവാചകന്മാരിൽ നിന്നും സത്യവിശ്വാസികളിലേക്കു കൈമാറപ്പെട്ട നിർബന്ധ ബാധ്യതകളിൽ പെട്ടതാണെന്നുമുള്ള ബോധ്യം നമുക്കുണ്ടാവുന്നത്. ഈ ബോധ്യത്തിൽ നിന്നു കാര്യങ്ങൾ പഠിക്കുമ്പോഴാണ് മുകളിലെ പല സംശയങ്ങൾക്കും ഉത്തരം ലഭിക്കുക.
മതപരമായ വിഷയങ്ങളിൽ സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത ചില വാക്കുകളോ പ്രയോഗങ്ങളോ മാത്രം ചർച്ച ചെയ്തു വിവാദങ്ങളുണ്ടാക്കുന്നതും മതത്തെത്തന്നെ അധിക്ഷേപിച്ചു സംസാരിക്കുന്നതുമെല്ലാം ആ വിഷയത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ യാതൊരു ആധികാരിക വിവരവുമില്ലാത്തവരിൽ നിന്നാണു പലപ്പോഴുമുണ്ടാകുന്നത്. ഇത് ഇസ്ലാമോഫോബിയ വളർത്തിയെടുക്കുകയെന്ന കൃത്യമായ അജണ്ടക്ക് വലിയ പിന്തുണയാവുകയും ചെയ്യുന്നു.
ഇത്തരം ചർച്ചകൾ മതേതര കേരളത്തിനു മുറിവേൽപ്പിക്കുന്ന തരത്തിൽ ഉപസംഹരിക്കപ്പെടുന്നതിലും പൊതു ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ വ്യാപിക്കുന്നതിലും ആശ്ചര്യപ്പെടാനില്ല. അതേസമയം സ്വന്തം ജീവിതം കൊണ്ടും വിവാദ വിഷയങ്ങളിലുള്ള പക്വമായ ഇടപെടലുകളിലൂടെയും ഇത്തരം ഒളിയജണ്ടകളെയും തെറ്റിദ്ധാരണകളേയും തിരുത്തിയെഴുതുവാൻ ഒരു വിശ്വാസിക്ക് കഴിയുന്നത് അറിവിനെ ആയുധമാക്കുമ്പോഴാണ്.
ഏതൊരാളും താൻ ഇടപെടുന്ന മേഖലയിലുള്ള ആധികാരികമായ അറിവിന്റെ അടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ മാത്രമാണ് അവിടെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും പ്രസക്തിയുണ്ടാവുന്നത്.

