പർദ ; സംരക്ഷണത്തിന്റെ ആവരണം

റിൻസി ചുങ്കത്തറ

2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

'പർദ' എന്ന പദം പേർഷ്യൻ ഭാഷയിൽ നിന്നും വന്നതാണ്. അതിൻ്റെ അർഥം മറ, തിരശ്ശീല, ആവരണം എന്നൊക്കെയാണ്. ഇസ്‌ലാമിക സാഹചര്യത്തിൽ പർദ എന്നു പറയുന്നത് സ്ത്രീയുടെ ശരീരവും അലങ്കാരവും അന്യപുരുഷന്മാരുടെ മുന്നിൽ പ്രകടമാകാതിരിക്കാനുള്ള മാന്യമായ വസ്ത്രധാരണത്തെയും മറയെയും സൂചിപ്പിക്കാനാണ്.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പർദ മറ്റുള്ളവരെ ആകർഷിക്കാനോ മറ്റുള്ളവരെ തൃപ്തിപ്പെടുത്താനോ വേണ്ടിയുള്ള വസ്ത്രമല്ല; അല്ലാഹുവിന്റെ ആഹ്വാനം അനുസരിച്ചുകൊണ്ടു ധരിക്കുന്ന വസ്ത്രമാണ്. ശരീരത്തോട് ഒട്ടിച്ചേരാത്തതും ശരീരത്തിന്റെ ആകൃതി പ്രകടമാകാത്തതുമായ, അയഞ്ഞതും തലയും മാറിടവും മറയ്ക്കുന്നതുമായ ഹിജാബാണത്.

പർദ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ അസ്വസ്ഥരാകുന്നവരും അതിനെ പരിഹസിക്കുന്നവരും ഉണ്ടാകാം. ഇസ്‌ലാമിനെയും മുസ്‌ലിം സ്ത്രീകളെയും കുറിച്ചു സംസാരിക്കുമ്പോഴേക്കും 'സ്ത്രീകളെ അടച്ചിട്ടു','സ്വാതന്ത്ര്യം നിഷേധിച്ചു' എന്നൊക്കെ പറയുന്നവരുണ്ട്.

ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനു മുമ്പ് അതിനെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. ലോകജനതയ്ക്ക് മാർഗദർശനമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആൻ സ്ത്രീയെക്കുറിച്ചും അവൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും വ്യക്തമായി സംസാരിക്കുന്നുണ്ട്. പ്രവാചക വചനങ്ങളും സ്ത്രീയുടെ മാന്യത, അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, സാമൂഹിക പങ്കാളിത്തം എന്നിവയെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്.

അതുകൊണ്ട്, ഇസ്‌ലാമിലെ സ്ത്രീയെ മനസ്സിലാക്കാൻ കേട്ടുകേൾവികളെയോ അഭിപ്രായങ്ങളെയോ ആശ്രയിക്കാതെ ഖുർആനും പ്രബലവും ആധികാരികവുമായ ഹദീസുകളും പഠിക്കുകയാണ് വേണ്ടത്.

പർദ ധരിക്കുന്നവരിൽ തെറ്റുകൾ ചെയ്യുന്നവരുണ്ടാകാം. എന്നാൽ, ഒരാളുടെ തെറ്റിനെ പർദയുടെ തെറ്റായി ചിത്രീകരിക്കുന്നത് ശരിയല്ല. പർദ ഒരു മനുഷ്യനെ തെറ്റുകളിൽ നിന്നു പൂർണമായി സംരക്ഷിക്കുന്ന മാന്ത്രിക വസ്ത്രമല്ല; മറിച്ച് അല്ലാഹുവിന്റെ കൽപന അനുസരിക്കാനുള്ള വിശ്വാസിയുടെ താല്പര്യമാണ്.

പർദ ധരിക്കുന്നവർക്ക് അതിൽ പ്രയാസമോ ബുദ്ധിമുട്ടോ ഇല്ലെന്നിരിക്കെ അവർക്കില്ലാത്ത ചൂടും അസ്വസ്ഥതയും ബുദ്ധിമുട്ടും പുറമെയുള്ളവർക്ക് എന്തിനാണ്?

ഒരു വിശ്വാസിനി തന്റെ വിശ്വാസത്തിന്റെ ഭാഗമായി പർദ തിരഞ്ഞെടുക്കുമ്പോൾ അതിനെ പരിഹസിക്കുന്നതിനുപകരം ആ വിശ്വാസത്തെ മനസ്സിലാക്കാനും ബഹുമാനിക്കാനും ശ്രമിക്കുകയാണ് വേണ്ടത്.

അതുപോലെ പർദ ധരിക്കാത്ത ഒരാളെ നിന്ദിക്കാനും ആരുടെയും മേൽ അത് അടിച്ചേൽപിക്കാനും പോകാതിരിക്കുക.
ധരിക്കാതിരിക്കാനുള്ള അവകാശം പോലെത്തന്നെ ധരിക്കുവാനുള്ള അവകാശവും ഉണ്ടെന്നതു ചിന്തിക്കുക.

ഹിജാബിനെ വിമർശിക്കുന്നതിന് മുമ്പ് അതിന്റെ വിശ്വാസപരമായ ഉദ്ദേശ്യം മനസ്സിലാക്കുക.

പർദ പെണ്ണിൻ്റെ തടവറയല്ല; അവൾ വിശ്വാസത്തോടെ സ്വീകരിക്കുന്ന ആവരണമാണ്.
അത് അവൾക്കു നൽകുന്ന സുരക്ഷിതത്വം അനൽപമാണ്.