തൂലിക: മാറ്റത്തിന്റെ പടവാൾ

ശാക്കിറ. ടി.കെ കൊല്ലം

2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

"വാളിനെക്കാൾ മൂർച്ച തൂലികയ്ക്കുണ്ട്" എന്ന പ്രശസ്തമായ ആപ്തവാക്യം നാം പല സന്ദർഭങ്ങളിലും കേൾക്കാറുണ്ട്. വലിപ്പത്തിൽ ചെറുതാണെങ്കിലും, സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു ആയുധമാണത്. വെറുമൊരു എഴുത്തുപകരണം എന്നതിലുപരി വിപ്ലവങ്ങളുടെയും വിചാരങ്ങളുടെയും സർഗാത്മകതയുടെയും പ്രതീകമായി എന്നെന്നും അത്തൂലിക നിലകൊള്ളുന്നു.വിജ്ഞാനത്തിന്റെ കാവലാളായി, മനുഷ്യന്റെ അറിവുകളെയും അനുഭവങ്ങളെയും തലമുറകളിലേക്ക് കൈമാറാൻ അതു സഹായിക്കുന്നു.

ചരിത്രസംഭവങ്ങൾ, ശാസ്ത്രീയ കണ്ടെത്തലുകൾ, തത്ത്വചിന്തകൾ തുടങ്ങി, നാളത്തെ തലമുറകളിലേക്ക് പകരാനായി പലതും പകർത്തിയത് എഴുത്തിലൂടെയാണ്. തൂലികയാൽ കുറിച്ചുവെച്ച പല പുസ്തകങ്ങളും അന്നുമിന്നും സമൂഹത്തിൽ വെളിച്ചമായി നിലനിൽക്കുന്നു. സാമൂഹിക മാറ്റത്തിന്റെ ആയുധവും അനീതിക്കും അധർമ്മത്തിനുമെതിരെയുള്ള ഏറ്റവും ശക്തമായ പോരാട്ട ഉപാധിയുമാണ് തൂലിക. തോക്കുകൾക്കും വാളുകൾക്കും നേടാനാകാത്ത മാറ്റങ്ങൾ ഒരു എഴുത്തുകാരൻ്റെയോ പത്രപ്രവർത്തകൻ്റെയോ പേനത്തുമ്പിൽ നിന്നുയർന്നുവരുന്ന വാക്കുകൾക്കു നേടാനാകും.

ലോകത്തെമ്പാടുമുള്ള സ്വാതന്ത്ര്യസമരങ്ങൾക്കും സാമൂഹിക പരിഷ്കരണങ്ങൾക്കും കരുത്തുറ്റ ആശയങ്ങൾ പകർന്നുനൽകിയതു തൂലികയിൽ നിന്നുമുള്ള മൂർച്ചയുള്ള എഴുത്തുകളാണ്. വികാരങ്ങളുടെയും സർഗാത്മകതയുടെയും ആവിഷ്കാരവും,മനുഷ്യന്റെ സന്തോഷവുംസങ്കടവും പ്രതീക്ഷകളുമെല്ലാം കടലാസിലേക്കു പകർത്താൻ തൂലിക സഹായിക്കുന്നു. കവിതകൾ, കഥകൾ, നാടകങ്ങൾ, അനുഭവങ്ങൾ, എന്നിവയിലൂടെയെല്ലാം വായനക്കാരന്റെ മനസ്സിലേക്കു വികാരങ്ങളുടെ പുതിയൊരു ലോകം തുറന്നുനൽകാൻ തൂലികയ്ക്കു കഴിയുന്നു. അതോടൊപ്പം തന്നെ, നിയമങ്ങൾ നിർമിക്കാനും, ചരിത്രപരമായ കരാറുകളിൽ ഒപ്പുവെക്കാനും,വിധികൾ പ്രസ്താവിക്കാനും തൂലിക വേണം.

ഡിജിറ്റൽ യുഗത്തിലും, കീബോർഡുകൾക്കും ടച്ച്‌സ്‌ക്രീനുകൾക്കും പകരംവെക്കാനാകാത്ത സ്ഥാനമാണ് തൂലികയ്ക്കുള്ളത്. ഒരാളുടെ വ്യക്തിത്വവും സർഗാത്മകതയും പ്രതിഫലിക്കുന്ന കൈയക്ഷരങ്ങൾ തൂലികയിലൂടെയാണല്ലോ സാധ്യമാകുന്നത്.

ചുരുക്കത്തിൽ, നേർവരയാകാനും ചിന്തകൾക്ക് ജീവൻ നൽകാനും തൂലികയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ട്.

നന്മയുടെയും തിന്മയുടെയും വിരൽമുന

തൂലിക, നിഷ്പക്ഷമായ ഉപകരണമാണ്; അതിനു സ്വന്തമായി ചിന്തകളോ വികാരങ്ങളോ ഇല്ല. എന്നാൽ, അതു പിടിക്കുന്ന കൈകളുടെയും അതിനു പിന്നിലെ മനസ്സിന്റെയും ലക്ഷ്യങ്ങൾക്കനുസരിച്ച് അതിനു നന്മയുടെ വെളിച്ചമാകാനും തിന്മയുടെ ഇരുട്ടാകാനും സാധിക്കും.

സത്യവും അറിവും പ്രചരിപ്പിക്കൽ:

അജ്ഞതയെ അകറ്റി വിജ്ഞാനം പകരാനും സമൂഹത്തിൽ സത്യവും നീതിയും സ്ഥാപിക്കാനും തൂലികയെ ഉപയോഗപ്പെടുത്തുക എന്നതാണു മനുഷ്യധർമം. പ്രതീക്ഷയും സ്‌നേഹവും സഹാനുഭൂതിയും വളർത്തുന്ന കവിതകളും കഥകളും ഉപദേശങ്ങളും മനുഷ്യ മനസ്സുകളിലേക്ക് പകർന്നു നൽകി സമൂഹനന്മക്കായി തൂലികയെ പ്രയോജനപ്പെടുത്താം. പാവപ്പെട്ടവർക്കും മർദ്ദിതർക്കും വേണ്ടി ശബ്ദിക്കാനുംഅവർക്ക് അർഹമായ അവകാശങ്ങളും നീതിയും ഉറപ്പാക്കുന്ന നിയമങ്ങളും വിചാരണകളും കുറിക്കാനും പേന ഉപകരിക്കുന്നു. എന്നാൽ, ഇതിനൊരു മറുവശം കൂടിയുണ്ട്; കള്ളങ്ങളും വ്യാജവാർത്തകളും എഴുതിപ്പിടിപ്പിച്ച് ജനങ്ങൾക്കിടയിൽ ഭിന്നതയും വർഗീയതയും അശാന്തിയും സൃഷ്ടിക്കാൻ ചിലരെങ്കിലും തൂലികയെ ഉപകരണമാക്കാറുണ്ട്.

മറ്റുള്ളവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ എഴുത്തുകൾ ഒരാളുടെ ജീവിതം തന്നെ തകർത്തുകളയാൻ പോന്നതാണ്. അഴിമതിക്കും വഞ്ചനക്കും കൂട്ടുനിൽക്കുന്ന ഒപ്പുകൾ ചാർത്തുന്നതിലൂടെയും അന്യായമായ വിധികൾ എഴുതുന്നതിലൂടെയും പേന തിന്മയുടെ ആയുധമായി മാറുന്നു. നാം എഴുതുന്ന ഓരോ വരിക്കും പ്രഥമമായി ലോക രക്ഷിതാവിനു മുന്നിലും സമൂഹത്തിന്റെ മുന്നിലും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതിനാൽ, തിന്മയുടെ വിഷം ചീറ്റാതെ നന്മയുടെ പച്ചപ്പു പടർത്തുന്ന ഒന്നായി പേനയെ മാറ്റുക എന്നതാണ് ഏതൊരു എഴുത്തുകാരൻ്റെയും ധർമം.

തൂലിക; ഇസ്‌ലാമിക കാഴ്ചപ്പാടിൽ

ഇസ്‌ലാമിൽ തൂലികയ്ക്ക് (ഖലം) മഹത്തായ സ്ഥാനമാണുള്ളത്. വെറുമൊരു എഴുത്തുപകരണമെന്നതിനപ്പുറം, അറിവിന്റെയും ദിവ്യസന്ദേശങ്ങളുടെയും മനുഷ്യൻ്റെ ആത്യന്തികമായ വിജയത്തിന്റെയും പ്രതീകമായാണ് ഇസ്‌ലാമിക പ്രമാണങ്ങളിൽ പേനയെ വിശേഷിപ്പിച്ചിട്ടുള്ളത്.

വിശുദ്ധ ഖുർആനിൽ പേനയുടെ നാമത്തിൽ ഒരു അധ്യായം തന്നെയുണ്ട് -' സൂറത്തുൽ ഖലം.'

"പേന തന്നെ സത്യം; അവർ എഴുതുന്നവയും സത്യം." (ഖുർആൻ 68:1).

ഈ സൂക്തം അല്ലാഹു തൂലികയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. കൂടാതെ, പരിശുദ്ധ ഖുർആനിൽ പ്രഥമമായി അവതരിപ്പിച്ച വചനങ്ങളിൽ (സൂറത്തുൽ അലഖ്) അല്ലാഹു മനുഷ്യനെ പേന കൊണ്ട് പഠിപ്പിച്ചു എന്ന് എടുത്തുപറയുന്നുണ്ട്. നന്മ പ്രചരിപ്പിക്കാനും സത്യം തുറന്നെഴുതാനും അധർമങ്ങൾക്കെതിരെ ശബ്ദിക്കാനും തൂലിക ഉപയോഗിക്കൽ വിശ്വാസിയുടെ ബാധ്യതയാണ്. വിശുദ്ധ ഖുർആൻ സമാഹരണത്തിലും പ്രവാചക വചനങ്ങൾ (ഹദീസ്), കർമശാസ്ത്ര വിധികൾ എന്നിവ പിൽക്കാല തലമുറകൾക്ക് കൃത്യമായി സംരക്ഷിച്ചു നൽകിയതിലും തൂലിക വഹിച്ച പങ്കു വിലമതിക്കാനാവാത്തതാണ്.

മനുഷ്യന്റെ ഓരോ വാക്കും പ്രവൃത്തിയും കുറിച്ചുവെക്കുന്ന മലക്കുകളെക്കുറിച്ചും(കിറാമൻ കാതിബീൻ) ഇസ്‌ലാം ഓർമിപ്പിക്കുന്നു. ചുരുക്കത്തിൽ, അറിവു നേടാനും അത് മറ്റുള്ളവർക്ക് പകർന്നു നൽകാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട അനുഗ്രഹമായിട്ടാണ് ഇസ്‌ലാം തൂലികയെ കാണുന്നത്.

ഇസ്‌ലാമിക വീക്ഷണത്തിൽ തൂലിക എന്നത് അല്ലാഹു മനുഷ്യനു നൽകിയ അറിവിന്റെയും സന്മാർഗത്തിന്റെയും വലിയൊരു അനുഗ്രഹമാണ്.'നിങ്ങളുടെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനാണ്' എന്ന ഖുർആൻ വാക്യം, തൂലികയോടുള്ള ആദരവാണ് കാണിക്കുന്നത്.

അറിവ് പകരുന്നതിലും സത്യം തുറന്നെഴുതുന്നതിലും തൂലിക വഹിക്കുന്ന പങ്ക് മഹത്തരമാണ്. അതിനാൽ, നന്മ പ്രചരിപ്പിക്കാനും അധർമത്തിനെതിരെ ശബ്ദിക്കാനും തൂലികയെ ഉപയോഗപ്പെടുത്തുകയും പരലോക വിജയത്തിനായി, അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി എഴുതാനുള്ള കഴിവ് ഉപയോഗപ്പെടുത്തുകയും ചെയ്യുക.