ചുവരുകൾക്കപ്പുറം
നദ ജബീൻ സി. പി
2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ സന്തോഷിക്കുന്നതിനു പകരം അപമാനഭാരത്താൽ തല താഴ്ത്തിയിരുന്ന പിതാക്കളുള്ള ഒരു കാലമുണ്ടായിരുന്നു. അവൾ ഈ ഭൂമിയിലേക്ക് പിറന്നു വീഴും മുമ്പേ അവൾക്കായി ചില വിധികൾ എഴുതപ്പെട്ടിരുന്നു. നടക്കാൻ പഠിക്കുന്നതിന് മുമ്പേ അവളുടെ കാലുകൾക്ക് അതിരുകൾ വരച്ചിരുന്നു. സംസാരിക്കാൻ പഠിക്കുന്നതിനു മുമ്പേ അവളുടെ ശബ്ദത്തിന് അളവുകോലുകൾ വച്ചിരുന്നു.
പക്ഷേ, അവൾ ജനിച്ചപ്പോൾ ആകാശം അതിന്റെ നീല നിറം കുറച്ചില്ല, കാറ്റ് അവളുടെ വരവിൽ വഴിമാറിയില്ല, പുലരി അവൾ പെൺകുഞ്ഞാണെന്നറിഞ്ഞു വൈകിയെത്തിയില്ല, പ്രകൃതി അവളെ ഒരിക്കലും ഒരു കുറവായി വായിച്ചില്ല. എന്നാൽ, അവൾക്കുമേൽ കുറവിന്റെ ആദ്യാക്ഷരം എഴുതിയതു മനുഷ്യനായിരുന്നു.
പെൺകുഞ്ഞിന്റെ ജനനവാർത്ത കേട്ടു മുഖം ഇരുണ്ടുപോകുന്നതെന്തിനെന്ന് ചോദിച്ചുകൊണ്ട് ആ മനുഷ്യന്റെ കണ്ണുകളിലേക്കാണ് ഖുർആൻ നോക്കിയത്. (ഖുർആനിലെ 16:58–59 വചനങ്ങൾ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട് ). അതൊരു ചോദ്യം മാത്രമായിരുന്നില്ല! കാലത്തിന്റെ മനസ്സാക്ഷിക്കു മുന്നിൽ പിടിച്ച കണ്ണാടിയായിരുന്നു. പെൺകുഞ്ഞൊരു ഭാരമല്ലെന്നും അവൾക്കും ഈ ഭൂമിയിൽ അവകാശപ്പെട്ടൊരു ജീവിതമുണ്ടെന്നും ഇസ് ലാം ഓർമിപ്പിച്ചു.
ഇസ്ലാം സ്ത്രീക്ക് അവകാശങ്ങളോടൊപ്പം ഉത്തരവാദിത്തവും, സ്വാതന്ത്ര്യത്തോടൊപ്പം ധാർമികത ബോധവും പകർന്നു നൽകി. സ്ത്രീയെ നാലു ചുവരുകൾക്കുള്ളിൽ ഒതുക്കിവെക്കുക എന്നതല്ല അതിന്റെ ലക്ഷ്യം; അവളുടെ ഉള്ളിൽ തന്നെ കെട്ടുറപ്പുള്ള ചുവരുകൾ പണിയുക എന്നതാണ്. തെറ്റിൽനിന്ന് പിന്തിരിപ്പിക്കുന്ന, സ്വന്തം മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന, ആരും കാണാത്ത ഇടങ്ങളിലും ശരിയും തെറ്റും തിരിച്ചറിയാൻ പഠിപ്പിക്കുന്ന നേരിന്റെ ചുവരുകൾ.
ഇസ്ലാമിലെ സ്വാതന്ത്ര്യം അതിരുകളില്ലായ്മയല്ല! സ്വന്തം അതിരുകളെ തിരിച്ചറിയാനുള്ള ബോധമാണ്. എന്തു കാണണം, എന്തു കേൾക്കണം, എന്തു പറയണം, എങ്ങനെ പറയണം, എവിടെ നിൽക്കണം, എവിടെ പിന്മാറണം, എന്താണു തനിക്കു യോജിക്കുന്നതും യോജിക്കാത്തതുമായ കാര്യങ്ങൾ, എന്നെല്ലാം തിരിച്ചറിയുന്ന ഒരു ബോധം, ആ ബോധത്തിന്റെ മറ്റൊരു പേരാണ് ഹയാഅ് (ലജ്ജ).
ഹയാഅ് വെറുമൊരു ലജ്ജയല്ല; സ്വന്തം സാന്നിധ്യത്തിന്റെ വില അറിയുന്ന മനസ്സിന്റെ സൂക്ഷ്മമായ ജാഗ്രതയാണത്. ആരും കാണാത്തപ്പോഴും തെറ്റിലേക്ക് പോകാതിരിക്കാൻ ഉള്ളിൽ തെളിയുന്ന ഒരു വിളക്ക്. അതുകൊണ്ടുതന്നെ ഹയാഅ് വസ്ത്രത്തിൽ മാത്രം ഒതുങ്ങുന്നില്ല.ഹയാഅ്(ലജ്ജ)കണ്ണിലുണ്ട്, വാക്കിലുണ്ട്, പെരുമാറ്റത്തിലുണ്ട്, ബന്ധങ്ങളിലുണ്ട്. ഒരാളുടെ വസ്ത്രത്തെ മാത്രം നോക്കി അവന്റെ മാന്യത അളക്കാനാവാത്തതുപോലെ,വസ്ത്രത്തെ മാത്രം നോക്കി ഒരു സ്ത്രീയുടെ സ്വഭാവത്തെയും അളക്കാനാകില്ല.
ഖുർആൻ മാന്യതയെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം പുരുഷന്മാരോടാണ് നോട്ടം നിയന്ത്രിക്കാനും സ്വഭാവം കാത്തുസൂക്ഷിക്കാനും ആവശ്യപ്പെടുന്നത്. അതിനു ശേഷമാണ് സ്ത്രീകളോടുള്ള നിർദ്ദേശം വരുന്നത്. അതിൽ തന്നെ ഒരു വലിയ സന്ദേശമുണ്ട്. ഒരു സമൂഹത്തിന്റെ ധാർമികതയുടെ മുഴുവൻ ഭാരവും സ്ത്രീയുടെ തോളിൽ മാത്രം വയ്ക്കപ്പെട്ടതല്ല. മാന്യത സ്ത്രീകൾ മാത്രം ധരിക്കേണ്ട വസ്ത്രമല്ല; മനുഷ്യവർഗം മുഴുവനും ധരിക്കേണ്ട സ്വഭാവമാണ്. (ഖുർആൻ 24:30–31).
അതുകൊണ്ടു സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ചു സംസാരിക്കുമ്പോൾ അതിനെ ഹയാഇന്റെ മുഴുവൻ അർത്ഥമായി ചുരുക്കുന്നത് ശരിയല്ല. വസ്ത്രം അതിന്റെ ഒരു ഭാഗമാണ്. പക്ഷേ, ഹയാഅ് അതിനെക്കാൾ വിശാലമാണ്. ഒരു വാക്കു പറയുന്നതിനു മുമ്പ് അതിന്റെ ഭാരം ചിന്തിക്കുന്നതിലും, ഒരാളെ നോക്കുമ്പോൾ ആ നോട്ടത്തിന്റെ പരിധി തിരിച്ചറിയുന്നതിലും, ഒരു ബന്ധത്തിൽ സ്വന്തം അതിരുകൾ മനസ്സിലാക്കുന്നതിലും, ആരും കാണാത്തിടത്തും സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതിരിക്കുന്നതിലുമൊക്കെയാണ് ഹയാഇന്റെ അർഥം പൂർണമാകുന്നത്.
ഒരു പെൺകുട്ടിയെ സംരക്ഷിക്കണമെന്ന ആഗ്രഹം പലപ്പോഴും അവൾക്കു ചുറ്റും കൂടുതൽ ചുവരുകൾ പണിയുന്നതിലേക്കാണ് നമ്മെ നയിക്കുന്നത്. പക്ഷേ, എല്ലാ ചുവരുകളും സുരക്ഷ നൽകണമെന്നില്ല. ചില ചുവരുകൾക്കുള്ളിൽ വെളിച്ചം കുറയാം. അതുകൊണ്ട് അവൾക്കു ചുറ്റും മാത്രം ചുവരുകൾ പണിയുന്നതിനുപകരം അവളുടെ ഉള്ളിൽ ഒരു വിളക്ക് തെളിയിക്കുകയാണ് വേണ്ടത്. അറിവിന്റെയും തിരിച്ചറിവിന്റെയും വിളക്ക്, ആത്മാഭിമാനത്തിന്റെയും ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധത്തിന്റെയും വിളക്ക്.
ഭയത്തിൽ വളർത്തിയ പെൺകുട്ടി നിയന്ത്രിക്കപ്പെടും; ബോധത്തിൽ വളർത്തിയ പെൺകുട്ടി സ്വയം കാത്തുസൂക്ഷിക്കാൻ പഠിക്കും. ആരെങ്കിലും നോക്കുന്നുണ്ടോ എന്ന ഭയത്താൽ തെറ്റിൽനിന്ന് മാറിനിൽക്കുന്ന ഒരാളും, ആരും കാണുന്നില്ലെങ്കിലും തെറ്റിൽ നിന്ന് മാറിനിൽക്കുന്ന ഒരാളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രണ്ടാമത്തെതാണ് തഖ്വയുടെ ആഴം; പുറത്ത് നിന്നുള്ള കാവൽ ഇല്ലാത്തപ്പോഴും ഉള്ളിൽ നിന്നൊരു കാവൽ നിലനിൽക്കുന്നത്.
ഇസ്ലാമിക ചരിത്രത്തിലേക്ക് നോക്കിയാൽ സ്ത്രീയുടെ ജീവിതം വെറും വീടിന്റെ ചുവരുകൾക്കുള്ളിൽ അവസാനിച്ചിരുന്നില്ലെന്നു കാണാം. ഖദീജ رضی اللّٰہ عنہاയുടെ ജീവിതത്തിൽ അധ്വാനവും കഴിവും ഉത്തരവാദിത്തവും കാണാം. ആയിശرضی اللّٰہ عنہاയുടെ ജീവിതത്തിൽ അറിവിന്റെ വിശാലതയും ചിന്തയുടെ ആഴവും കാണാം. ഉമ്മുസലമرضی اللّٰہ عنہاയുടെ ജീവിതത്തിൽ നിർണായക സന്ദർഭങ്ങളിലുള്ള ബുദ്ധിപൂർവമായ ഇടപെടലുകൾ കാണാം. അവരുടെ ജീവിതങ്ങൾ നമ്മോട് പറയുന്നത് സ്ത്രീയെ സമൂഹത്തിൽ നിന്ന് അകറ്റുക എന്നതല്ല ഇസ്ലാമിന്റെ ലക്ഷ്യമെന്നതാണ്. അവൾ സമൂഹത്തിൽ ജീവിക്കുമ്പോൾ തന്റെ വിശ്വാസവും മാന്യതയും കൈവിടാതിരിക്കാനുള്ള ബോധം നൽകുക എന്നതാണ്.
ഒരു പെൺകുട്ടിയെ വളർത്തുമ്പോൾ ചോദിക്കേണ്ട ചോദ്യം 'അവൾക്ക് എന്തെല്ലാം ചെയ്യാൻ അനുവദിക്കാം' എന്നതിൽ മാത്രം അവസാനിക്കരുത്! അവൾക്ക് എങ്ങനെയുള്ള മനുഷ്യനായി വളരാം എന്ന ചോദ്യം കൂടിയുണ്ടാകണം. കാരണം, ജീവിതം നിയമങ്ങളുടെ ഒരു പട്ടികയല്ല. ഓരോ ദിവസവും തിരഞ്ഞെടുപ്പുകളുടെ ഒരു നീണ്ട വഴിയാണ്. ആ വഴിയിൽ അവൾക്കാരും കൂടെയില്ലാത്ത നിമിഷങ്ങൾ വരും. അപ്പോൾ അവൾക്ക് തീരുമാനമെടുക്കാൻ കഴിയണമെങ്കിൽ, അവളുടെ ഉള്ളിൽ ഒരു ദിശാബോധം വളർന്നിരിക്കണം.
അവൾ പഠിക്കട്ടെ, ചിന്തിക്കട്ടെ, ചോദിക്കട്ടെ, സ്വപ്നം കാണട്ടെ. അവളുടെ കഴിവുകൾക്കു വളരാനുള്ള ഇടം ലഭിക്കട്ടെ. അവളുടെ ശബ്ദത്തിന് അർഥമുണ്ടാകട്ടെ. പക്ഷേ, അതോടൊപ്പം അവൾക്കു സ്വന്തം പരിധികളെ തിരിച്ചറിയാനും മറ്റുള്ളവരുടെ പരിധികളെ ബഹുമാനിക്കാനും അറിഞ്ഞിരിക്കണം. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉത്തരവാദിത്തവും കൂടെ വളരണമെന്ന് അവൾ മനസ്സിലാക്കിയിരിക്കണം.
ഇസ്ലാം നൽകുന്ന സ്വാതന്ത്ര്യം ദിശയില്ലാത്ത പറക്കലല്ല; മൂല്യങ്ങളുള്ള ഒരു യാത്രയാണ്. സ്ത്രീയുടെ മുന്നിൽ എല്ലാ വാതിലുകളും അടച്ചിടലോ എല്ലാ വാതിലുകളും തുറന്നിടലോ അല്ല; ഏതു വാതിൽ തുറക്കണം, ഏതു വാതിലിനു മുന്നിൽ നിൽക്കണം, ഏതു വാതിലിലൂടെ കടക്കരുത് എന്നൊക്കെയുള്ള തിരിച്ചറിവ് അവൾക്ക് നൽകുക എന്നതാണ് യഥാർത്ഥ സംരക്ഷണം.
അവൾക്കു നിർഭയം ജീവിക്കാൻ കഴിയണം. അതിനായി അവളുടെ കൈയിൽ ഭയത്തിന്റെ കെട്ടുകളല്ല, ബോധത്തിന്റെ വിളക്കാണ് നാം നൽകേണ്ടത്. കാരണം, ജീവിതത്തിന്റെ ചില വഴികളിൽ മാതാപിതാക്കളുടെ കണ്ണെത്തില്ല. കുടുംബത്തിന്റെ കാവൽ എത്തില്ല. സമൂഹത്തിന്റെ നോട്ടവും ഉണ്ടാകില്ല. അവിടെ അവളെ കാത്തുസൂക്ഷിക്കേണ്ടത് അവളുടെ ഉള്ളിൽ വളർന്ന ധാർമികബോധമാണ്.
അവൾക്ക് ആകാശം വേണം, പക്ഷേ, ആകാശത്തെക്കാൾ മുമ്പ് അവളുടെ ഉള്ളിലൊരു ദിശ വേണം, ആ ദിശയാണ് ധാർമികത, അതാണ് അവളുടെ കാവൽ രഹസ്യം.

